2011, ജൂൺ 29, ബുധനാഴ്‌ച

അഹന്തയുടെ കണ്ണടയില്‍ ദൈവത്തെ കാണില്ല

ഹാറൂന്‍ യഹ്യ

എല്ലാ മതവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പൊതുകാഴ്‌ചപ്പാട്‌ പരിശോധിച്ചാല്‍ അവയെല്ലാം ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന്‌ മനസ്സിലാവും. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഭൗതികവാദികള്‍ സൃഷ്‌ടിപ്പ്‌, സ്രഷ്‌ടാവ്‌ തുടങ്ങിയ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുന്നു. പകരം അനാദികാലം മുതലേ പദാര്‍ഥം നിലനില്‍ക്കുന്നുണ്ടെന്നും ഇനിയും അനന്തമായ കാലത്തോളം അത്‌ നിലനില്‍ക്കുമെന്നും അവര്‍ വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നു.

ഭൗതികവാദത്തെ ഭൗതികവാദികള്‍ തന്നെ നിര്‍വചിക്കുന്നത്‌ ഇപ്രകാരമാണ്‌: ഭൗതികവാദം സ്വീകരിക്കുന്നത്‌ പദാര്‍ഥത്തിന്റെ അനന്തതയെയും അനശ്വരമായ അതിന്റെ നിലനില്‍പിനെയുമാണ്‌. (ഇതിന്‌ തുടക്കമോ ഒടുക്കമോ ഇല്ല). അതായത്‌ പദാര്‍ഥം ദൈവം സൃഷ്‌ടിച്ചതല്ല. സ്ഥലവും കാലവുമെല്ലാം അതില്‍ അനന്തമാണ്‌. എന്നാല്‍ ``അവനാണ്‌ (അല്ലാഹു) സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്‌ടാവ്‌'' എന്നാണ്‌ പ്രപഞ്ചോല്‍പത്തിയെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ അന്‍ആം 101-ാം വചനത്തില്‍ പറയുന്നത്‌.

സ്രഷ്‌ടാവിന്റെ അസ്‌തിത്വത്തെ ഭൗതികവാദം നിരാകരിക്കാനുള്ള കാരണം എന്താണ്‌? പദാര്‍ഥത്തിന്‌ ഒരു ആരംഭമുണ്ടെന്ന വാദത്തെ ഭൗതികവാദത്തിന്‌ അംഗീകരിക്കാന്‍ കഴിയില്ല. ഇനി അങ്ങനെയൊരു ആരംഭമുണ്ടെന്ന്‌ സമ്മതിച്ചാല്‍ ഒന്നുമില്ലായ്‌മയില്‍ നിന്ന്‌(ശൂന്യതയില്‍ നിന്ന്‌) അത്‌ സൃഷ്‌ടിക്കപ്പെട്ടു എന്നാണര്‍ഥം. ശൂന്യതയില്‍ നിന്ന്‌ സൃഷ്‌ടിക്കപ്പെട്ടു എന്നാല്‍ അതിനൊരു സ്രഷ്‌ടാവുണ്ട്‌ എന്നും. എന്നാല്‍ പദാര്‍ഥം എല്ലാ കാലത്തും നിലനിന്നിട്ടില്ലെന്നും അതിനൊരു ആരംഭമുണ്ട്‌ എന്നുമുള്ള വസ്‌തുതകളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ശാസ്‌ത്രലോകം ഒരു പൊതുധാരണയില്‍ എത്തിച്ചേര്‍ന്നു. 15 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പൂര്‍ണ ശൂന്യതയില്‍ നിന്നുണ്ടായ ഒരു മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടുവെന്നും കാലാകാലങ്ങളില്‍ സംഭവിച്ച വികാസപരിണാമങ്ങളിലൂടെ അത്‌ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിയെന്നുമായിരുന്നു ആ കണ്ടെത്തലിന്റെ അന്തസ്സത്ത. മതപരമായ ചിന്താധാരകളുടെ അടിസ്ഥാനത്തില്‍ നിരന്തരം നടത്തിവന്ന പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ്‌ ഇത്തരമൊരു കണ്ടെത്തലില്‍ ആധുനികശാസ്‌ത്രം എത്തിച്ചേര്‍ന്നത്‌.

ശൂന്യതക്കുമപ്പുറത്തു നിന്ന്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടു എന്ന തത്വത്തിലാണ്‌ ഏറ്റവുമൊടുവില്‍ ശാസ്‌ത്രലോകം എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള എല്ലാ ദൈവിക ഗ്രന്ഥങ്ങളും നേരത്തെ തന്നെ വെളിപ്പെടുത്തിയ അടിസ്ഥാന തത്വമായിരുന്നു ഇത്‌. ഇതോടൊപ്പം ആധുനിക ശാസ്‌ത്രം ഭൗതികവാദത്തെയും അതിന്റെ സഹ ആശയങ്ങളെയും ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ പ്രപഞ്ചത്തിന്റെ നിലനില്‍പ്പെന്നുള്ള വാദത്തെയും പ്രപഞ്ചസൃഷ്‌ടിപ്പിനെതിരെ അതുയര്‍ത്തിവിട്ട ആശയയുദ്ധങ്ങളെയുമെല്ലാം ഒറ്റയടിക്ക്‌ തള്ളിക്കളയുന്നു.

പ്രപഞ്ചം അനാദിയാണ്‌ എന്നതിനേക്കാളുപരി അത്‌ സൃഷ്‌ടിക്കപ്പെട്ടതാണ്‌ എന്ന വാദത്തെയാണ്‌ ഭൗതികവാദത്തിന്‌ അംഗീകരിക്കാന്‍ കഴിയാത്തത്‌. ശാസ്‌ത്രവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടായാല്‍ പോലും ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പിന്‌ തയ്യാറല്ലെന്നാണ്‌ അവരുടെ നിലപാട്‌. അല്ലാഹുവിന്റെ അസ്‌തിത്വത്തെ അംഗീകരിക്കാനും അല്ലാഹുവില്‍ വിശ്വസിക്കാനും മതങ്ങളെ സ്വീകരിക്കാനും മതപരമായ ജീവിതം നയിക്കാനുമുള്ള വിസമ്മതവും അഹന്തയുമാണിതിനു കാരണം. അല്ലാഹുവിനെ പൂര്‍ണമായും അംഗീകരിക്കാനും അവന്‌ മുന്‍പില്‍ സര്‍വവും സമര്‍പ്പിക്കാനുമാണ്‌ മതം പ്രാഥമികമായി ആവശ്യപ്പെടുന്നത്‌. എന്നാല്‍ സ്വന്തം ദുരഹങ്കാരങ്ങള്‍ കൊണ്ട്‌ ഇതിനെതിരെ നില്‍ക്കുന്ന ചിലര്‍ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നു. സ്വന്തം ദുരഹങ്കാരം കൊണ്ട്‌ ഈ യാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സത്യം അവര്‍ക്കു മുന്‍പില്‍ എന്നും മിഥ്യയായിരിക്കുമെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. ``അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.'' (സൂറതുന്നംല്‌ 14)

സമയവും പദാര്‍ഥം പോലെ അനന്തമാണെന്നാണ്‌ ഭൗതികവാദികള്‍ പറയുന്നത്‌. അനന്തതയില്‍ നിന്നാണ്‌ അത്‌ വരുന്നതെന്നും അനന്തതയിലേക്കാണ്‌ അത്‌ പോവുന്നതെന്നുമാണ്‌ അവര്‍ വിശ്വസിക്കുന്നത്‌. ഈ തെറ്റിദ്ധാരണയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവര്‍ വിധിയെ നിഷേധിക്കുകയും ഉയിര്‍ത്തേഴുന്നേല്‌പ്‌, സ്വര്‍ഗം, നരകം എന്നിവയെ തള്ളിപ്പറയുകയും ചെയ്യുന്നു. എന്നാല്‍ പദാര്‍ഥം പോലെത്തന്നെ സമയവും ഒരു ഉത്‌പന്നമാണെന്നും ശൂന്യതയില്‍നിന്നാണ്‌ ഇതും സൃഷ്‌ടിക്കപ്പെട്ടതെന്നും ഇതിനൊരു തുടക്കമുണ്ടെന്നും ആധുനികശാസ്‌ത്രം തെളിയിച്ചിരിക്കുന്നു. അതേസമയം തന്നെ സമയം ഒരു ആപേക്ഷിക ആശയമാണെന്നും അത്‌ മാറ്റങ്ങള്‍ക്ക്‌ വിധേയമല്ലെന്നുമാണ്‌ ദീര്‍ഘകാലമായി ഭൗതികവാദികള്‍ വിശ്വസിച്ചുവന്നത്‌. വീക്ഷണങ്ങള്‍ക്കനുസരിച്ച്‌ സമയം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇരുപതാം നൂറ്റാണ്ടില്‍ ശാസ്‌ത്രം കണ്ടുപിടിച്ചിരിക്കുന്നു. സമയത്തിന്റെയും സ്ഥലത്തിന്റെയും ആപേക്ഷികത ആര്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ തന്റെ ആപേക്ഷിക സിദ്ധാന്തത്തില്‍ തെളിയിച്ചതിലൂടെ ആധുനിക ശാസ്‌ത്രത്തില്‍ പുതിയ ചിന്താഗതിക്ക്‌ അദ്ദേഹം അടിത്തറ പാകുകയായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ സമയവും സ്ഥലവും അനാദിയല്ല. അതിനൊരു തുടക്കമുണ്ട്‌. അത്‌ ശൂന്യതയില്‍ നിന്ന്‌ അല്ലാഹു സൃഷ്‌ടിച്ചതാണ്‌. മറ്റൊന്നിന്റെയും ആശ്രയമില്ലാതെയാണ്‌ അവന്‍ സമയത്തെയും സ്ഥലത്തെയും സൃഷ്‌ടിച്ചത്‌. അല്ലാഹുവാണ്‌ സമയത്തെയും അനന്തതയെയും ഓരോ നിമിഷങ്ങളെയും സൃഷ്‌ടിച്ചതും നിര്‍വചിച്ചതും നിശ്ചയിച്ചതും. ഇതാണ്‌ ഭൗതികവാദികള്‍ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ടുപോയ വിധി യാഥാര്‍ഥ്യത്തിന്റെ അന്തസ്സാരം. ഭൂതകാലത്ത്‌ നമുക്ക്‌ അനുഭവപ്പെട്ട എല്ലാ സംഭവങ്ങളും ഭാവിയില്‍ നമുക്ക്‌ അനുഭവപ്പെടാന്‍ പോകുന്ന എല്ലാ സംഭവങ്ങളും അല്ലാഹുവിന്റെ അറിവിലും നിയന്ത്രണത്തിലുമാണ്‌. അവന്‍ സമയത്തെ ആശ്രയിക്കുന്നവനല്ല. പകരം ശൂന്യതയില്‍ നിന്ന്‌ സമയത്തെ സൃഷ്‌ടിച്ചവനാണ്‌.

1400 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഖുര്‍ആന്‍ വിളംബരം ചെയ്യുകയും വിശ്വാസികള്‍ സംശയലേശമന്യേ വിശ്വസിച്ചുപോരുകയും ചെയ്യുന്ന വിവരങ്ങളാണ്‌ ആധുനികശാസ്‌ത്രം ഇന്ന്‌ സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്‌. ഖുര്‍ആന്‍ അല്ലാഹുവില്‍നിന്നുള്ള വചനമാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്‌. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നൂറ്റാണ്ടുകളായി ഭൗതികവാദികള്‍ അല്ലാഹുവിന്റെ അസ്‌തിത്വവും സൃഷ്‌ടിപ്പിന്റെ യാഥാര്‍ഥ്യവും നിഷേധിച്ചുകൊണ്ടിരിക്കെയാണ്‌ ശാസ്‌ത്രത്തിന്റെ ഓരോ മടക്കുകളിലേക്കും ഖുര്‍ആനിന്റെ വെളിച്ചം വീശുന്നതും ഓരോ അവസരങ്ങളിലും ശാസ്‌ത്രം ഖുര്‍ആനില്‍ അഭയം പ്രാപിക്കുന്നതും. ഭൗതികവാദികള്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക്‌ യുക്തിയുടെ അടിസ്ഥാനമോ ശാസ്‌ത്രത്തിന്റെ പിന്തുണയോ ഇല്ലെന്ന്‌ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ വിശുദ്ധ ഖുര്‍ആനിന്‌ കഴിയും. അതായത്‌ ഭൗതികവാദത്തെ സമകാലിക ശാസ്‌ത്രം മുച്ചൂടും തള്ളിക്കളഞ്ഞിരിക്കുന്നു എന്നര്‍ഥം.

പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടത്‌ ശൂന്യതയില്‍ നിന്ന്‌

അനാദിയില്‍ വിശ്വസിക്കുകയും മാറ്റമല്ലാത്ത മറ്റുള്ളതിന്റെയെല്ലാം അസ്‌തിത്വം നിഷേധിക്കുകയും ചെയ്യുന്ന ചിന്താധാരയാണ്‌ ഭൗതികവാദം. പുരാതന ഗ്രീക്കുകാരില്‍ നിന്ന്‌ തുടക്കംകുറിച്ച ഈ ചിന്താധാരയ്‌ക്ക്‌ വ്യാപകമായ പ്രചാരം ലഭിച്ചത്‌ 19ാം നൂറ്റാണ്ടില്‍ കാറല്‍ മാര്‍ക്‌സിന്റെ വൈരുധ്യാത്മക ഭൗതികവാദം എന്ന ആശയം പ്രത്യക്ഷപ്പെട്ടതോടെയാണ്‌. പ്രപഞ്ചം അനാദിയാണെന്നും അതെല്ലാ കാലത്തും ഇതുപോലെ നിലനില്‍ക്കുമെന്നും വാദിക്കുന്നു. പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടതല്ലെന്ന വാദം ഉയര്‍ത്തിവിട്ട വൈരുധ്യാത്മക ഭൗതികവാദം സ്രഷ്‌ടാവിന്റെ അസ്‌തിത്വത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

19ാം നൂറ്റാണ്ടിലാണ്‌ ഭൗതികവാദത്തിന്‌ കൂടുതല്‍ പ്രചാരം ലഭിച്ചതെന്ന്‌ നേരത്തെ സൂചിപ്പിച്ചു. പ്രപഞ്ചോല്‍പത്തിയെക്കുറിച്ച്‌ സാര്‍വലൗകികമായി ഉയര്‍ന്ന ചോദ്യമായിരുന്നു ഇതിന്റെ പ്രധാന കാരണം. എങ്ങനെയാണ്‌ പ്രപഞ്ചമുണ്ടായത്‌ എന്ന ചോദ്യവും പ്രപഞ്ചം എവിടെനിന്നും ഉണ്ടായതല്ലെന്നും അത്‌ ഇവിടെ തന്നെ നിലനിന്നിരുന്നതാണ്‌ എന്നുള്ള ഉത്തരവും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കാറല്‍ മാര്‍ക്‌സിന്റെ വൈരുധ്യാത്മക ഭൗതികവാദം ഇതിന്‌ കൂടുതല്‍ പ്രോത്സാഹനം നല്‍കി. പ്രപഞ്ചം സുസ്ഥിരമാണെന്നും മാറ്റമില്ലാത്ത ഒരുകൂട്ടം പദാര്‍ഥങ്ങളുടെ ശേഖരമാണ്‌ പ്രപഞ്ചമെന്നും ദൈവത്തിന്റെ അസ്ഥിത്വം സ്വീകരിക്കേണ്ടതില്ലെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

എന്നാല്‍ അധികം വൈകും മുമ്പെ ഇതിനു വിരുദ്ധമായൊരു ചിന്താധാര വളര്‍ന്നുതുടങ്ങി. പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടതാണെന്നും ഇതിനൊരു സ്രഷ്‌ടാവുണ്ടെന്നുമുള്ള വാദമായിരുന്നു അത്‌. 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ശക്തിപ്പെട്ടുവന്ന ഈ ചിന്താധാരക്ക്‌ ശാസ്‌ത്രീയ നിരീക്ഷണ, പരീക്ഷണങ്ങളുടെ പിന്തുണയുണ്ടായിരുന്നു എന്നത്‌ ഇതിന്‌ കൂടുതല്‍ ജനസമ്മിതി നല്‍കി.

പ്രപഞ്ചത്തിന്റെ വികാസം

1929ല്‍ കാലിഫോര്‍ണിയ മൗണ്ട്‌ വില്‍സന്‍ വാനനിരീക്ഷണ കേന്ദ്രത്തിലെ അമേരിക്കന്‍ ജ്യോതിശാസ്‌ത്രജ്ഞനായ എഡ്വിന്‍ ഹബിള്‍ ജ്യോതിശാസ്‌ത്ര ചരിത്രത്തിലെ തന്നെ നിര്‍ണായകമായൊരു കണ്ടുപിടുത്തം നടത്തുകയുണ്ടായി. കൂറ്റന്‍ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ച്‌ നടത്തിയ നിരന്തര നിരീക്ഷണത്തിലൂടെ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം, പ്രകാശവലയത്തിന്റെ അവസാനത്തിലെത്തുമ്പോള്‍ ചുവപ്പിലേക്ക്‌ നീങ്ങുന്നുവെന്നും അതിനാല്‍ ഈ നക്ഷത്രം ഭൂമിയില്‍ നിന്ന്‌ അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നുമാണ്‌ അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ശാസ്‌ത്രലോകത്ത്‌ ഇലക്‌ട്രിഫയിംഗ്‌ ഇഫക്‌ട്‌ എന്നാണ്‌ ഈ പ്രതിഭാസം അറിയപ്പെടുന്നത്‌. ഭൗതികശാസ്‌ത്രത്തിലെ അംഗീകൃത നിയമങ്ങള്‍ പ്രകാരം ഒരു കേന്ദ്രത്തില്‍ നിന്ന്‌ പ്രവഹിക്കുന്ന പ്രകാശം, പ്രകാശത്തവലയത്തിന്റെ അന്ത്യത്തിലേക്ക്‌ അടുക്കും തോറും വയലറ്റ്‌ നിറത്തില്‍ നിന്ന്‌ ചുവപ്പിലേക്ക്‌ മാറ്റപ്പെടുന്നുവെങ്കില്‍, ആ പ്രകാശകേന്ദ്രം നമ്മില്‍ നിന്ന്‌ അത്‌ ഓരോ നിമിഷവും അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നാണ്‌. അതായത്‌ നക്ഷത്രങ്ങള്‍ തുടര്‍ച്ചയായി നമ്മില്‍ നിന്ന്‌ അകലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു എന്നര്‍ഥം.

മറ്റൊരു വലിയ കണ്ടുപിടുത്തം കൂടി എഡ്വിന്‍ ഹബിള്‍ തന്റെ കൂറ്റന്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ നടത്തുകയുണ്ടായി. നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളായ ഗാലക്‌സികളും നമ്മില്‍ നിന്ന്‌ മാത്രമല്ല, അവ ഓരോന്നും പരസ്‌പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണ്‌ എന്നായിരുന്നു ഇത്‌. അതായത്‌ പ്രപഞ്ചത്തിലെ ഓരോ ഘടകങ്ങളും പരസ്‌പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്നും പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഹബിള്‍ വാദിച്ചു. വീര്‍ത്തുകൊണ്ടിരിക്കുന്ന ഒരു ബലൂണിനോടാണ്‌ ഹബിള്‍ പ്രപഞ്ചത്തെ ഉപമിച്ചത്‌. ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിന്റെ വായ്‌വട്ടം മാത്രം ഒരു സ്ഥലത്ത്‌ സ്ഥിരമായി നില്‍ക്കുകയും മറ്റെല്ലാ ഭാഗങ്ങളും വായ്‌വട്ടത്തില്‍ നിന്ന്‌ അകന്നുപോയിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതേപോലെ ഒരു നിശ്ചിത ബിന്ദുവില്‍ നിന്ന്‌ പ്രപഞ്ചത്തിലെ ഓരോ ഘടകങ്ങളും പരസ്‌പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന്‌ ഹബിള്‍ കണ്ടെത്തി.

സൈദ്ധാന്തികമായി ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ നേരത്തെതന്നെ നിരീക്ഷിച്ച കാര്യമായിരുന്നു പ്രപഞ്ചത്തിന്റെ ഈ വികാസം. 1915ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ ആപേക്ഷിക സിദ്ധാന്തത്തിന്റെ തുടര്‍ച്ചയായി 1917ല്‍ അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധം അവസാനിക്കുന്നത്‌ ഇതുസംബന്ധിച്ച സൂചനകളോടെയാണ്‌. പ്രപഞ്ചം അവികസിതമല്ലെന്ന്‌ അദ്ദേഹം സിദ്ധാന്തത്തിനൊടുവില്‍ പറഞ്ഞുവെക്കുന്നു. പ്രപഞ്ചം സ്ഥിരാവസ്ഥയിലാണെന്നും ഇതിനു മാറ്റംവരുന്നില്ലെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ നേരത്തെ ഉയര്‍ത്തിയ വാദം. പ്രാപഞ്ചിക സുസ്ഥിരത (കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റ്‌) എന്ന പേരിലാണ്‌ അദ്ദേഹം നേരത്തെ ഈ ആശയം വ്യക്തമാക്കിയിരുന്നത്‌. എന്നാല്‍ ആപേക്ഷിക സിദ്ധാന്തത്തിന്റെ വരവോടെ, അദ്ദേഹത്തിന്റെ തന്നെ കണ്ടുപിടുത്തങ്ങളില്‍ ആശയവൈരുധ്യം രൂപപ്പെടുകയും പ്രപഞ്ചം വികസിക്കുന്നില്ലെന്ന വാദം പില്‍ക്കാലത്ത്‌ അദ്ദേഹം സ്വയം പിന്‍വലിക്കുകയും ചെയ്‌തു. കരിയറില്‍ സംഭവിച്ച വലിയൊരു തെറ്റായിരുന്നു അതെന്ന്‌ അദ്ദേഹം പിന്നീട്‌ പരിഭവിക്കുകയുണ്ടായി.

ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച്‌ റഷ്യന്‍ ശാസ്‌ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്‌മാന്‍ നടത്തിയ നിരീക്ഷണങ്ങള്‍ പ്രപഞ്ചോല്‍പത്തി സംബന്ധിച്ച വാദങ്ങള്‍ക്ക്‌ കൂടുതല്‍ ശക്തിപകര്‍ന്നു. കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റ്‌ എന്ന വാദത്തിലൂടെ ഐന്‍സ്റ്റീനു സംഭവിച്ച തെറ്റു തിരുത്തിയ ഫ്രീഡ്‌മാന്‍ പ്രപഞ്ചം ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ കണ്ടെത്തി. ഫ്രീഡ്‌മാന്റെ ഗവേഷണങ്ങള്‍ക്ക്‌ തുടര്‍ച്ച നല്‍കിയ ബല്‍ജിയം ശാസ്‌ത്രജ്ഞന്‍ ജോര്‍ജ്‌ ലാമയറും പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ വാദിച്ചു.

മഹാവിസ്‌ഫോടനത്തിന്റെ കണ്ടെത്തല്‍

ഭൗതികവാദം ഉയര്‍ത്തിവിട്ട പ്രപഞ്ചോത്‌പത്തി സംബന്ധിച്ച തെറ്റിദ്ധാരണകള്‍ക്ക്‌ വിരാമമിട്ട്‌ സ്രഷ്‌ടാവിന്റെ അസ്‌തിത്വം അംഗീകരിക്കപ്പെട്ടെങ്കിലും ഒരു പദാര്‍ഥത്തില്‍ (സിംഗിള്‍ വോളിയം) നിന്നാണ്‌ ഇത്‌ സൃഷ്‌ടിക്കപ്പെട്ടത്‌ എന്നായിരുന്നു ശാസ്‌ത്രത്തിന്റെ ആദ്യഘട്ടത്തിലുള്ള വാദം. ഇത്‌ ഒരുപടി കൂടി കടന്നാണ്‌ ശൂന്യതയില്‍ (സീറോ വോളിയം) നിന്നാണ്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടതെന്ന സത്യം ശാസ്‌ത്രം കണ്ടെത്തിയത്‌. ശൂന്യതയുടെ പോയിന്റില്‍ നിന്നുണ്ടായ ഈ മഹാവിസ്‌ഫോടനമാണ്‌ ശാസ്‌ത്രലോകത്ത്‌ ബിഗ്‌ബാംഗ്‌ എന്ന പേരില്‍ അറിയപ്പെട്ടത്‌. ശൂന്യതയില്‍ നിന്നുണ്ടായ മഹാ വിസ്‌ഫോടനം വഴി സങ്കല്‌പിക്കാന്‍ കഴിയാത്തത്ര ഊര്‍ജം പ്രവഹിക്കുകയും ഇതിന്റെ ഫലമായി സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം അടങ്ങുന്ന പ്രപഞ്ചം സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു എന്നാണ്‌ ശാസ്‌ത്രം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. ഇതിനു ശേഷം പ്രപഞ്ചത്തില്‍ പല തവണ ചെറുതും വലുതുമായി ഇത്തരം നിരന്തര സ്‌ഫോടനങ്ങള്‍ നടക്കുകയും പ്രപഞ്ചത്തിന്റെ വികാസത്തിന്‌ വഴിവെക്കുകയും ചെയ്‌തുവെന്ന്‌ ശാസ്‌ത്രം പറയുന്നു. ബിഗ്‌ബാംഗ്‌ എന്ന പേരില്‍ ഇന്ന്‌ ലോകം വലിയൊരു പരീക്ഷണത്തിന്‌ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ പരീക്ഷണത്തിന്റെ അടിസ്ഥാനതത്വം നേരത്തെ പറഞ്ഞ ശൂന്യതയില്‍ നിന്നുള്ള വിസ്‌ഫോടനമാണ്‌. പ്രത്യേക ടണലിലൂടെ കടത്തിവിടുന്ന ആറ്റങ്ങള്‍ ഒരു നിശ്ചിത പോയിന്റില്‍ വെച്ച്‌ പരസ്‌പരം കൂട്ടിയിടിപ്പിക്കുക വഴി പ്രപഞ്ചോത്‌പത്തിയെക്കുറിച്ച്‌ ഇപ്പോള്‍ നിലനില്‍ക്കുന്ന ധാരണകള്‍ക്ക്‌ കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ കഴിയുമെന്ന്‌ ശാസ്‌ത്രലോകം പ്രതീക്ഷിക്കുന്നു.